Karikkakom sree Chamundi Temle

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം

#

ഐതിഹ്യം

Services Image
#

കേരളത്തിലെ പ്രസിദ്ധവും അതിപുരാതനവുമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറ് വശത്ത് 5 കിലോമീറ്റര്‍ മാറി പാര്‍വ്വതി പുത്തനാറിന്‍റെ തീരത്താണ് പ്രശസ്തമായ കരിക്കകം ദേവി ദര്‍ശനം നല്‍കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തലമുറക്കാരും ജ്യോതിഷ പണ്ഡിതന്മാരും 600 വര്‍ഷത്തിലേറെ പഴക്കം നിര്‍ണ്ണയിക്കുന്ന ഈ ക്ഷേത്രത്തിന്‍റെ ഐതിഹ്യം ഇപ്രകാരമാണ് അറിയപ്പെടുന്നത്. വനശൈലാദ്രി സ്ഥാന നിവാസിയായ ദേവിയുടെ ആഗമനം ദക്ഷിണ പൂര്‍വ ഭാഗത്തു നിന്നാണെന്നും വേദശാസ്ത്ര വിജ്ഞാനിയായ ഒരു ബ്രഹ്മണാചാര്യന്‍റെ ഉപാസനാമൂര്‍ത്തിയായി പരിലസിച്ചിരുന്ന ആ ദേവിയെ തന്ത്രിവര്യന്‍റെ സന്തതസാഹചര്യത്വം സിദ്ധിച്ച മടത്തുവീട് തറവാട്ടിലെ കുടുംബ കാരണവരായ യോഗിവര്യന് ഉപാസിച്ചുകൊള്ളാന്‍ തന്ത്രി ഉപദേശിച്ചിട്ടുള്ളതും അപ്രകാരം സിദ്ധിച്ച ദേവി ഒരു ബാലികാരൂപത്തില്‍ സാന്നിദ്ധ്യംചെയ്ത് ഗുരുവിന്‍റെയും യോഗീശ്വരന്‍റെയും കൂടെ പുറപ്പെട്ട് തറവാട്ടില്‍ കരിക്കകം ക്ഷേത്രസ്ഥാനത്തുവന്ന് പച്ചപന്തല്‍ കെട്ടി ദേവിയെ കുടിയിരുത്തുകയും അതിനു ശേഷം ക്ഷേത്രം പണികഴിപ്പിച്ച് ഗുരുവിനെ കൊണ്ടുതന്നെ വിധിപ്രകാരം ദേവിയെ പ്രതിഷ്ടിച്ച് പൂജാദികര്‍മ്മങ്ങള്‍ നടത്തിയതില്‍ ദേവി ആരാധന മൂര്‍ത്തിയായി സാന്നിദ്ധ്യം ചെയ്ത് ത്രിഗുണാത്മികയും ഭക്തജനങ്ങള്‍ക്ക് അഭീഷ്ടവരദായിനിയായും പരിലസിച്ചു പോരുന്നു.

പണ്ട് രാജഭരണകാലം മുതല്‍ രാജാവിന്‍റെ നീതി നിര്‍വ്വഹണ ക്ഷേത്രമായി പരിലസിച്ചു വരുന്നതാണ് ഈ ക്ഷേത്രം. കുറ്റവും ശിക്ഷയും നീതിയും അനീതിയും നിര്‍വ്വഹിക്കുന്ന ഒരു പരീക്ഷണ ക്ഷേത്രമാണ്. ഈ സങ്കേതം, ഇന്നും ഈ ആധുനിക യുഗത്തില്‍ കോടതി, പോലീസ് സ്റേറ ഷന്‍ എന്നിവിടങ്ങളില്‍ തെളിയിക്കപ്പെടാതെ വരുന്ന നിരവധി കേസുകള്‍ ദേവീ സാന്നിദ്ധ്യത്തില്‍ സത്യം ചെയ്ത് തെളിയിക്കുന്നതിന് വിധിക്കുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ഒരു ദേവീസങ്കല്‍പ്പത്തെ മൂന്ന് ഭാവങ്ങളില്‍ ആരാധിക്കുന്ന കേരളത്തിലെ ഏകക്ഷേത്രം, നടതുറന്ന് തൊഴല്‍ നേര്‍ച്ചയുള്ള ക്ഷേത്രം, സത്യം ചെയ്യിക്കല്‍ ചടങ്ങുള്ള ക്ഷേത്രം എന്നീ വിശേഷണങ്ങളില്‍ ഈ ക്ഷേത്രം പ്രശസ്തമാണ്.

ഇവിടെ ഉഗ്രസ്വരൂപിണിയും വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന അമ്മയുമായ ശ്രീ രക്തചാമുണ്ഡി ദേവിയുടെ നട ഭക്തജനങ്ങളുടെ നേര്‍ച്ചയായ പിഴ അടച്ചു തുറന്നു പ്രാര്‍ത്ഥിച്ചാല്‍ വിചാരിക്കുന്ന കാര്യം നടക്കുമെന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. അതിനാല്‍ നടതുറന്ന്‍ തൊഴല്‍ എന്ന നേര്‍ച്ചയ്ക്ക് ദിനംപ്രതി ദേശവിദേശങ്ങളില്‍ നിന്നുവരെ ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. പണ്ട് രാജകൊട്ടാരത്തില്‍ നിന്നും കളവു പോയ മുതല്‍ എവിടെ രക്തചാമുണ്ഡി നട തുറന്നു നേര്‍ച്ചകള്‍ നേര്‍ന്ന് പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി തിരികെ ലഭിച്ചതായും അതിന് പരിഹാരമായി മഹാരാജാവ് ഒരാണ്ടത്തെ അടക്കിക്കൊടമഹോത്സവം (ഉത്സവമഹാമഹം) നേര്‍ച്ചയായി നടത്തിയതായും പഴമക്കാര്‍ പറഞ്ഞു കേള്‍ക്കുന്നു. മുന്‍കാലങ്ങളില്‍ ദിക്കുബലി എന്ന ഒരു ചടങ്ങിന് ദേവി പുറത്തെഴുന്നെള്ളുമായിരുന്നു. കോളറ, വസൂരി തുടങ്ങിയ മാരക രോഗങ്ങള്‍ നാട്ടില്‍ പടര്‍ന്നു പിടിക്കുമ്പോള്‍, നാട്ടുകാരുടെ ആവശ്യപ്രകാരമാണ് അത്തരത്തില്‍ ഒരു ചടങ്ങ് നടത്തിയിരുന്നത്. അതിന് നിര്‍ബന്ധമായും പരമ്പരാഗത രീതിയിലുള്ള വാദ്യമേളങ്ങള്‍ ഉണ്ടായിരിക്കുകയും, അനുഷ്ഠാനങ്ങള്‍ പാലിക്കുകയും ചെയ്തിരുന്നു. ഉദ്ദേശം 8 കിലോമീറ്റര്‍ ചുറ്റളവില്‍ നാല് ദിക്കിലായി ഇതിന്‍റെ പൂജകളും കുരുതിയും നടത്തിയിരുന്നു. ഇന്ന് അത് ഉത്സവനാളില്‍ ദേവിയുടെ പുറത്തെഴുന്നള്ളത്തായി ആചരിച്ചുവരുന്നു.